Thursday, April 19, 2012

വഴി പിരിയുമ്പോള്‍





ഒരു നിമേഷം പോല്‍ കടന്നു പോയ്‌ നാളുകള്‍
ഇനി നമ്മളിരുവരായ് പിരിയേണ്ട നേരമായ്
ഇത് യാത്ര, ഇവിടെ നാമറിയാത്ത വഴി കട-
ന്നെവിടെയോ പോകുന്ന പഥികര്‍, അജ്ഞാനികള്‍

തെളിവാര്‍ന്ന പകലിന്റെ മാറിലൂടൊരുമിച്ചു
കൈ കോര്‍ത്തു പോയൊരാ കാലം കടന്നു പോയ്‌
ഇരുളാര്‍ന്നൊരെകാന്ത രാവില്‍ മയങ്ങി നാം
കാണും കിനാവിന്റെയീണം മറന്നു പോയ്‌

എന്‍ വാക്ക് കേള്‍ക്കുമ്പോളറിയാതെ നിന്നില്‍ നി-
ന്നുതിരുമാ പുഞ്ചിരി ഇനിയെന്ന് കാണുവാന്‍
ഇനി നിന്റെ കാല്‍ചിലമ്പൊലിയെന്നു കേള്‍ക്കുവാന്‍
എന്നു നിന്‍ രൂപമാമാനന്ദമുണ്ണുവാന്‍ ?

തെളിവാനിലൊരുമേഘ,മതിലൂറുമൊരു തുള്ളി
ഒരു കണ്ണുനീര്‍ മാരിയായി മാറീടവെ
ഇനി നിന്റെ കളിവാക്കു കേള്‍ക്കുവാനതിലെന്റെ
ദുഃഖം മറക്കാന്‍ കൊതിച്ചു പോകുന്നു ഞാന്‍

ഒരു നൂറു കവികളില്‍ പ്രണയം മുളപ്പിച്ച
ചെന്താമാരപ്പൂക്കളല്ല നിന്‍ കണ്ണുകള്‍
ചെറുകാറ്റിളിലകില്ല, ചെറു നാണമേല്‍ക്കവേ
മാന്‍പേട പോലെ തുടിയ്ക്കില്ല കണ്ണുകള്‍

ഗ്രാമീണ സൌഭാഗ്യമല്ല നീ പെണ്കൊടീ
നിന്‍ നാസികയ്ക്കില്ല കാവ്യ പ്രചോദനം
എങ്കിലും നിന്നെപ്പിരിഞ്ഞപ്പോളെന്തിനെന്‍
ഉള്ളിന്റെയുള്ളം നുറുങ്ങുന്നു വ്യര്‍ത്ഥമായ്

ഒരു വേള നിന്നോര്‍മയൊരു ദീപനാളമായ്
ഇരുളാര്‍ന്ന വഴികളില്‍ അഭയമാകുന്നുവോ
അതുമല്ലയെങ്കിലെന്‍ അഭിശപ്ത മനസ്സുപോല്‍
ഉരുകി നിന്‍ മുഖമെന്റെ മിഴിയില്‍ നിന്നകലുമോ

ഒരു നിമേഷം പോല്‍ കടന്നു പോയ്‌ നാളുകള്‍
ഇനി നമ്മളിരുവരായ് പിരിയേണ്ട നേരമായ്
ഇത് യാത്ര, ഇവിടെ നാമിഴചേര്‍ന്ന കവലയില്‍
വഴി പിരിഞ്ഞകലുന്ന പഥികര്‍, അജ്ഞാനികള്‍ !

No comments:

Post a Comment

Please do post your comments here, friends !