Tuesday, June 4, 2013

ഇന്നുമീ നാട്ടുമാവിന്റെ ചില്ലയില്‍
സന്ധ്യയില്‍ വന്നു ചേരുന്നു പക്ഷികള്‍
വന്നുറങ്ങിടാറുണ്ടു പുല്‍ത്തൊട്ടിലില്‍
അന്നു നമ്മെക്കുളിര്‍പ്പിച്ച മാരുതന്‍

തോട്ടുവക്കില്‍ക്കരിങ്കല്‍ക്കലുങ്കിലേ-
യ്ക്കേറെയാരും വരാറില്ലയെങ്കിലും
പോയ കാലത്തിലെപ്പോലെയിപ്പോഴും
പോയിരുന്നിടാറുണ്ടെന്‍ മനസ്സതില്‍

കാടുമൂടിക്കിടക്കും നടവഴി
താണ്ടി നോക്കി ഞാനാമ്പല്‍ക്കുളത്തിനെ
പാവ,മാരെയോ കാത്തുകൊണ്ടിപ്പൊഴും
പായലിന്‍ പുതപ്പേറ്റിക്കിടക്കയാം

കണ്ടുവോ വാകയില്‍ തീ പടര്‍ന്ന പോല്‍
ചെണ്ടുചെണ്ടായ് വിരിഞ്ഞ സുമങ്ങളെ
നമ്മള്‍ പങ്കിട്ട നാളിന്റെയോര്‍മ്മ പോല്‍
നന്മതന്‍ നിലാവേറ്റുയിര്‍കൊണ്ടവ !

പുഞ്ചിരിച്ചുവോ നീ,യെന്തിതിങ്ങനെ
വീണ്ടുമോര്‍ക്കുവാനെന്നു ചോദിച്ചുവോ ?
ഉള്ളിലൂയലാടാറുണ്ടിടയ്ക്കൊരു
പിഞ്ചു ബാല്യം, വളര്‍ന്നില്ലിതേവരെ !

എത്ര ദൂരേയ്ക്കു പോകിലും മന്നിലേ-
യ്ക്കെത്തിടാറുണ്ടു വര്‍ഷം, വസന്തവും
മിത്രമേ, നിന്റെ വാക്കിന്റെയൂഷ്മള-
സത്തയിന്നെന്റെ ഹൃത്തിലെത്തുന്ന പോല്‍ !

No comments:

Post a Comment

Please do post your comments here, friends !